“ലോകമേ യാത്ര” by Sr. Mary Benenja.

”ജനിച്ചനാള്‍ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ചലോകമേ
നിനക്കു വന്ദനം! പിരിഞ്ഞുപോയിടട്ടെ ഞാനിനി
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാന്‍”

മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി-
ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും
മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം,
വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ.

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം.